ദൈവ കരുണയുടെ സ്വപ്ന ദർശനം

ദൈവത്തിൻറെ കരുണ പരിശുദ്ധ അമ്മയിലൂടെ പ്രവഹിച്ചു കൊണ്ടിരിക്കുന്ന തീർത്ഥാടന കേന്ദ്രമായ തൊടുപുഴയിലെ ‘ ഡിവൈൻ മേഴ്‌സി ഷറയിൻ  ഓഫ് ഹോളി മേരി ‘ യിൽ ഭാര്യയോടും കുഞ്ഞുങ്ങളോടും ഒപ്പം ഒൻപതു വെള്ളിയാഴ്ചകളിൽ തുടർച്ചയായി പോകാനും പ്രാര്ഥിക്കാനുമുമുള്ള ഭാഗ്യം ലഭിച്ചു. കുടുംബ ജീവിതത്തിലുണ്ടായിരുന്ന അസ്വസ്ഥതകൾക്കും പിരിമുറുക്കത്തിനും  ആശ്വാസം കിട്ടിയ കാലഘട്ടമായിരുന്നു അത്.

വര്ഷങ്ങളായി ഉണ്ടായിരുന്ന മദ്യപാനം ഒരു വർഷത്തേക്ക് എങ്കിലും നിർത്താനും സാധിച്ചു. സ്വന്തമായി ഉണ്ടായിരുന്ന കമ്പ്യൂട്ടർ സ്ഥാപനത്തിൽ നിന്ന് നല്ല വരുമാനം ലഭിക്കുന്നതിന്റെ അഹങ്കാരവും പിന്നെ ജോലിയൊക്കെ കഴിഞ്ഞു വൈകിട്ട് കുറച്ചു മദ്യപിക്കുന്നത് ഒരു തെറ്റൊന്നുമല്ല എന്നുള്ള അബദ്ധ ധാരണയും ഒക്കെയായിരുന്നു തുടർച്ചയായുള്ള മദ്യപാനത്തിന് എന്നെ പ്രേരിപ്പിച്ചിരുന്നത്. തനിയെ മദ്യപിക്കുന്നത് ഇഷ്ട്ടമല്ലാത്തതുകൊണ്ട് ആരെയെങ്കിലും ഒന്ന് രണ്ടു പേരെ സ്ഥിരമായി കമ്പനിക്കു കൂട്ടിയിരുന്നു. അവരുടെയും കൂടി ചെലവ് മിക്കവാറും എന്റെ കയ്യിൽ നിന്ന് തന്നെ. മദ്യപാനത്തോടൊപ്പം  പുകവലി, മുറുക്ക് തുടങ്ങിയ  ദുശീലങ്ങൾക്കും അടിമയായിരുന്നു .ഭാര്യയുടെ പരാതിയും മുറുമുറുപ്പും ശക്തമായപ്പോഴാണ് ഇതില്നിന്നുമൊക്കെ മോചനം കിട്ടാനായി ‘ഡിവൈൻ മേഴ്‌സി ‘ പള്ളിയിൽ പോകാൻ തുടങ്ങിയത്.

അവിടെ നിന്നും വാങ്ങിയ  ദൈവ കരുണയുടെ നൊവേന ദിവസവും രാത്രി ചൊല്ലാറുമുണ്ടായിരുന്നു.അങ്ങനെയുള്ള ആ ദിവസങ്ങളിൽ ഒന്നിൽ ഞാൻ കണ്ട ഒരു സ്വപ്ന ദർശനം, ഞാൻ ഇതുവരെ വിരലിൽ എണ്ണാവുന്ന ചിലരുമായി മാത്രമേ പങ്കു വെച്ചിട്ടുള്ളൂ. അതിങ്ങനെയായിരുന്നു.

Binumon George in his Cheverelt Beat car
Myself in Chevrolet Beat car

ഞാൻ തനിയെ കാറോടിച്ചു കൊണ്ട് ഹൈറേഞ്ചിൽ എവിടെയോ ഉള്ള ഒരു വലിയ ഇറക്കം ഇറങ്ങി വരികയായിരുന്നു. അപ്പോൾ ഇടതു വശത്തായി കുറെ ആളുകൾ കൂട്ടം കൂടി നിന്ന് റോഡിന്റെ താഴേക്ക്ആകാംഷയോടെ നോക്കുന്നതും സംസാരിക്കുന്നതും കണ്ടു. എന്തോ ആക്‌സിഡൻറ് പറ്റിയ പോലെ. എന്ത് പറ്റിയതാണെന്ന് നോക്കാമെന്നു കരുതി ഞാൻ കാർ സൈഡിലേക്ക് ഒതുക്കി പാർക്ക് ചെയ്തിട്ട് ഇറങ്ങി. വളരെ താഴ്ചയുള്ള ഒരു കൊക്ക പോലെയാണ് ആ സ്ഥലമെന്നു റോഡിലേക്ക് ഇറങ്ങിയപ്പോൾ എനിക്ക് മനസിലായി.

” ദൈവമേ ഇവിടെ ആക്സിഡന്റ് ആയാൽ  പിന്നെ പൊടി പോലും കിട്ടില്ലല്ലോ ‘ എന്നോർത്ത് കൊണ്ട് ഞാൻ എന്താണ് സംഭവം എന്ന് കാണാനായി ഒന്ന് രണ്ടു പേരുടെ ഇടയിലൂടെ കയറി റോഡിൽ നിന്നും താഴേക്ക് നോക്കി.

ആക്സിഡന്റ് അല്ലായിരുന്നു. വളരെ താഴെ ചെളിയിൽ ഒരു വെളുത്ത ആട് താഴ്ന്ന് പോയിക്കൊണ്ടിരുന്നു. അതിനെ രക്ഷിക്കാനായി ഒരു വെള്ള ളോഹയിട്ട അച്ഛൻ പതിയെ സൈഡിലൂടെ പിടിച്ചു താഴേക്ക് ഇറങ്ങുന്നു.താഴെ എത്തിയിട്ട് അല്പം തിരിഞ്ഞു.ചെളിയിലേക്കു ഇറങ്ങി ആടിനെ പിടിച്ചു കയറ്റാനായി. വൈദികന്റെ മുഖം അപ്പോഴാണ് ശരിക്കും കണ്ടത്. അത് ഡിവൈൻ മേഴ്‌സി പള്ളിയിലെ അച്ഛൻ ആയിരുന്നു. ആടിനെ വലിച്ചു കയറ്റാൻ തുടങ്ങിയ അച്ഛന്റെ കാലും ചെളിയിൽ പൂണ്ടു പോകുന്ന പോലെ തോന്നി. അച്ചൻ കയറാൻ നോക്കും തോറും ആട് വെപ്രാളത്തിൽ പിടയുന്ന കാരണം അച്ഛനും കൂടുതൽ താഴേക്ക് താഴ്ന്നു പോകുന്നു. ഇത് കണ്ടു മുകളിൽ നിന്ന എല്ലാവരും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുകയും അച്ചനോട് ആടിനെ വിട്ടിട്ടു എങ്ങെനെയെങ്കിലും കയറി പോരാൻ പറയുന്നുമുണ്ട്. പക്ഷെ അച്ഛൻ അതൊന്നും ശ്രദ്ധിക്കുന്നില്ല.ആടിനെ കയറ്റാനുള്ള ശ്രമം തുടർന്നു.പെട്ടെന്ന്  ഉയിർത്തെഴുന്നേറ്റ യേശു- വെള്ളനിറമുള്ള  ഒറ്റയുടുപ്പിട്ട ,ചുമന്ന ഷാൾ തോളിലൂടെ ഇട്ട യേശു – പ്രത്യക്ഷപ്പെട്ടു. അച്ചൻ കൈ നീട്ടി. യേശു അച്ചന്റെ കയ്യിൽ പിടിച്ചു മെല്ലെ ഉയർത്തി. അപ്പോൾ അച്ഛന്റെ കാല് ചെളിയിൽ നിന്നും ഉയർന്നു വന്നു. അച്ചൻ പൊങ്ങി  വരുന്നതിനൊപ്പം, അച്ചൻ മറ്റേ കൈ കൊണ്ട് മുറുകെ പിടിച്ചിരിക്കുന്ന   ആ ചെളി പുരണ്ട ആടും മുകളിലേക്ക് പൊങ്ങി വരുന്നു..ഒരു മിനിറ്റ് കൊണ്ട് അച്ചനെയും ആടിനെയും യേശു കരയ്ക്ക് എത്തിച്ചു.

ഇത്രയും കണ്ടപ്പോൾ ഞാൻ സ്വപ്നത്തിൽ നിന്നും ഉണർന്നു. അടുത്ത വെള്ളിയാഴ്ച പള്ളിയിൽ ചെല്ലുമ്പോൾ അച്ചനോട് പറയണമെന്ന് കരുതിയെങ്കിലും അന്ന് അതിനുള്ള ധൈര്യം കിട്ടിയില്ല.

ഒരു വര്ഷം കഴിഞ്ഞപ്പോൾ ഭാര്യക്ക് ഇസ്രായേലിൽ കെയർ ഗിവർ ആയി പോകാൻ അവസരം കിട്ടുകയും കുട്ടികളെ രണ്ടു പേരെയും ചങ്ങനാശ്ശേരിയിൽ അവളുടെ മമ്മി യുടെ  സംരക്ഷണത്തിലാക്കുകയും ചെയ്തു.ഞാനും എന്റെ അമ്മയും മാത്രമേ എന്റെ വീട്ടിൽ  ഉണ്ടായിരുന്നുള്ളൂ. ആ തക്കം നോക്കി വീണ്ടും മദ്യപാനവും, പുകവലിയും മുറുക്കും ഒക്കെപൂർവാധികം ശക്തമാക്കി. അതിനിടയിൽ സ്വന്തമായി തുടങ്ങിയ  IT കമ്പനി ലാഭകരമല്ലാത്തതിനാൽ പൂട്ടുകയും, പെരുമ്പാവൂർ, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽ പ്രൊജക്റ്റ് മാനേജർ ആയി ജോലി നോക്കുകയും ചെയ്തു.ഒടുവിൽ വഴിത്തല  ശാന്തിഗിരി കോളേജിന്റെ ഭാഗമായ ‘ശാന്തി സോഫ്റ്റിൽ’ ജോലി ചെയ്യുന്ന സമയം. അന്ന് ഒരു ശനിയാഴ്ച്ച ആയിരുന്നു . തൊമ്മൻ കുത്തിൽ പോയി നാടൻ പന രണ്ട് ഗ്ലാസ് അടിച്ചു തുടങ്ങിയതേ ഉളളൂ. അവിടെയുള്ള ഒരു സുഹ്രത്തു ഒരു സഹായം ചോദിച്ചു. അദ്ദേഹത്തിന്റെ മകൾ ഡെലിവറി കേസ് കോംപ്ലിക്കേറ്റഡ് ആയത്കൊണ്ട് കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ആണെന്നും എത്രയും പെട്ടെന്ന് എത്തണം എന്നും പറഞ്ഞു മരുമകൻ വിളിച്ചു എന്നും  സങ്കടത്തോടെ എന്നോട്പറഞ്ഞു, അദ്ദേഹത്തെ കോട്ടയത്ത് കൊണ്ട് പോയി വിടാമോ എന്ന് ചോദിച്ചു. ഞ്ഞാൻ അല്പം കള്ള് കുടിച്ചിട്ടുണ്ടായിരുന്ന കൊണ്ട് പോലീസ് ഊതിക്കും എന്ന് പറഞ്ഞു ഒഴിവാക്കാൻ നോക്കി. എന്നാൽ എത്രയും പെട്ടെന്ന് കരിമണ്ണൂർ വരെ എങ്കിലും കൊണ്ടേ വിടാൻ പറഞ്ഞത് കൊണ്ട് ഒഴിവാക്കാൻ നിവർത്തിയില്ലാതെ കൊണ്ട് സമ്മതിച്ചു.

ഞങ്ങൾ തൊമ്മന്കുത്തിൽ നിന്നും -ഞാൻ അത്യാവശ്യം 60 – 70 KM സ്പീഡിൽ ഡ്രൈവ് ചെയ്തു പോകുമ്പോൾ കോട്ടക്കവല അടുക്കാറായപ്പോൾ പെട്ടെന്ന് മഴ പെയ്തു. ഞാൻ കാറിന്റെ ഗ്ലാസ് ഒക്കെ ഉയർത്തിയിട്ടു , AC ഇട്ടു  പോകുമ്പോൾ പെട്ടെന്നു ഒരു ബൈക്ക്കാരൻ വളരെ സ്പീഡിൽ എതിരെ വന്നു എന്റെ കാറിൽ ഇടിക്കാൻ പാകത്തിന് വന്നപ്പോൾ ഞാൻ ഇടിക്കാതിരിക്കാനായി പെട്ടെന്ന് ഇടത്തോട്ട് വെട്ടിച്ചു. നിയത്രണം വിട്ട കാർ  ഇടതു വശത്തുള്ള കണ്ടത്തിലേക്ക് പറന്നു പോയി വീഴും പോലെ വീണു.’ദൈവമേ ‘എന്ന് വിളിച്ചത് മാത്രമേ എനിക്ക് ഓർമയുള്ളൂ.കണ്ടത്തിലേക്കു പറന്നു പോയ കാർ അവിടെയുണ്ടായിരുന്ന കമുക് മരം ഇടിച്ചു തകർത്താണ് നിന്നതു.കാറിന്റെ മുൻഭാഗം മുഴുവനായും തകർന്നു പോയെങ്കിലും ഞങ്ങൾ രണ്ടു പേരും നിസ്സാര പരിക്കുകളോടെ രക്ഷ പെട്ടു.

Photo taken after the accident.

3 ദിവസം കഴിഞ്ഞാണ് കാർ കണ്ടതിൽ നിന്നും JCB ഉപയോഗിച്ച് പൊക്കിയത്. അതുവരെ അതുവഴി പോയ ബസിൽ ഉണ്ടായിരുന്നവരും,തൊമ്മന്കുത് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പോകുന്നവരും മുഴുവൻ കാർ കിടക്കുന്ന കണ്ടിട്ട് ‘അതിൽ ഉണ്ടായിരുന്നവർ എങ്ങനെ രക്ഷപെട്ടു ‘എന്ന് അതിശയത്തോടെ പറയുന്നുണ്ടായിരുന്നു എന്ന് എന്റെ ചില സുഹൃത്തുക്കൾ പറഞ്ഞു. കാറിലുണ്ടായിരുന്ന സുഹ്രത്തിനെയും എന്നെ പറ്റിയും പറഞ്ഞു പരത്തിയ നുണ പ്രചരണങ്ങൾ കാരണം എനിക്ക് എന്റെ ജോലി പോലും resign ചെയ്യേണ്ടി വന്നു.

ഞാൻ ആദ്യം വിവരിച്ച ആ സ്വപ്നത്തിൽ കണ്ട ചെളി പുരണ്ട ആട് ഞാൻ തന്നെ ആയിരുന്നു. 3 വർഷം മുൻപ് 2017 ഫെബ്രുവരി 19 -24  വരെയുള്ള ദിവസങ്ങളിൽ ഭരണങ്ങാനം അസീസ്സി യിൽ വെച്ച് കൂടിയ ധ്യാനത്തിൽ പങ്കെടുക്കുന്നത് വരെ ചെളി പുരണ്ട ജീവിതമായിരുന്നു എന്റേത്. അന്നുമുതൽ മദ്യപാനം പൂർണ്ണമായും ഉപേക്ഷിക്കാനും ഏകദേശം 3 മാസത്തോടേ പുകവലി ,മുറുക്ക് തുടങ്ങിയ എല്ലാ ദുശീലങ്ങളും പൂർണ്ണമായും ഒഴിവാക്കാനും ദൈവം കരുണ കാട്ടി.. ഇപ്പോൾ പ്രായമായ അമ്മയുടെ സംരക്ഷണവും അല്പം ഓൺലൈൻ ജോലികളുമായി പ്രാർത്ഥന ജീവിതം നയിക്കാൻ സാധിക്കുന്നു. “‘അമ്മ തന്ന ലവീത്ത ” എന്ന പേരിൽ ഞാനെഴുതിയ ഒരു ലേഖനം ശാലോം ടൈംസ് ന്റെ മാർച്ച് മാസത്തെ പ്രതിയിൽ അച്ചടിച്ച് വരാനും പരിശുദ്ധാത്മാവ് സഹായിച്ചു.

അപ്പോൾ മുതൽ എനിക്കുണ്ടായ സ്വപ്നവും, അപകടവും പിന്നീട് ഉണ്ടായ മാനസാന്തരവും ലോകത്തോട് വിളിച്ചു പറയണമെന്ന് പ്രചോദനം ഉണ്ടായി.അത് ഉറപ്പിക്കുന്ന ബൈബിൾ വചനങ്ങളും ഈ ദിവസങ്ങളിൽ എനിക്ക് കിട്ടി..

  1. ദാനിയേൽ പ്രവാചകന്റെ പുസ്തകം 4 അദ്ധ്യായം.

അത് നെബുക്കദ്‌നേസറിന്റെ രണ്ടാം സ്വപ്നവും ദാനിയേൽ അതിനു നൽകുന്ന വ്യാഖ്യാനവുമാണ്.

2  ആമോസ് പ്രവാചകന്റെ പുസ്തകം 7 അദ്ധ്യായം: 7 മുതൽ ഉള്ള വാക്യങ്ങളും.

“അവിടുന്ന് എനിക്ക് മറ്റൊരു ദർശനം നല്കി. ഇതാ തൂക്കു കട്ടയുടെ സഹായത്തോടെ പണിതുയർത്തിയ ഒരു മതിലിനോട് ചേർന്ന് കർത്താവ് കയ്യിൽ ഒരു തൂക്കു കട്ടയുമായി  നിൽക്കുന്നു.അവിടുന്ന് ചോദിച്ചു.അമോസ് നീ എന്ത് കാണുന്നു? ഒരു തൂക്കു കട്ട എന്ന് ഞാൻ പറഞ്ഞു.കർത്താവ് തുടർന്നു.കണ്ടാലും എന്റെ ജനമായ ഇസ്രായേലിനു മദ്ധ്യേ  ഞാനൊരു തൂക്കു കട്ട പിടിക്കും. ഇനി മേൽ ഞാൻ അവരെ വെറുതെ വിടുകയില്ല..ഞാൻ ഇസ്രയേലിലെ ആരാധന കേന്ദ്രങ്ങൾ ശൂന്യമാക്കും.ജെറോബോവാമിന്റെ ഭവനത്തിനെതിരെ ഞാൻ വാളുമായി വരും.”

എന്റെ സ്വപ്നത്തെ വ്യാഖ്യാനിക്കാൻ ഞാൻ യോഗ്യനല്ല. എന്നാൽ അത് എന്റെ ജീവിതത്തിൽ തന്നെ സംഭവിച്ചു. എന്നെ അടുത്ത് അറിയാവുന്നർക്ക് മാത്രമല്ല , പാപകരമായ ജീവിതത്തിലൂടെ പോകുന്നവർക്ക് ഇത് വായിക്കുമ്പോൾ ഒരു സ്പാർക് ഉണ്ടാക്കാൻ കഴിഞ്ഞാൽ ഞാൻ ക്രതാർത്ഥനായി.

” ഏറ്റവും കരുണയുള്ള ഈശോയെ, നന്മയുടെ ഉറവിടമേ,അങ്ങയുടെ പ്രകാശം അന്വേഷിക്കുന്നവരെ അങ്ങ് തള്ളി കളയുകയില്ലല്ലോ.ഞങ്ങളോട് അനുകമ്പ തോന്നാതിരിക്കാൻ അങ്ങേക്ക് സാധ്യമല്ലല്ലോ. ഞങ്ങളോട് ക്ഷമിക്കേണമേ. ഞങ്ങളുടെ പാപങ്ങളെ നീ നോക്കരുതേ..അങ്ങയുടെ അളവില്ലാത്ത നന്മയിൽ ആശ്രയിച്ചു്  ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു.അങ്ങയുടെ കരുണാർദ്ര ഹൃദയത്തിൽ ഞങ്ങളെ സ്വീകരിക്കേണമേ.”

പാപത്തിന്റെ ചെളിക്കുഴിയിൽ താഴ്‌ന്നു പോകുന്ന ഞങ്ങളെ അതിൽ നിന്നും ഉയർത്താൻ ശ്രമിക്കുന്ന വൈദികരെ  അങ്ങ് സഹായിക്കണമേ.  മാനുഷികമായ കൊച്ചു പാപങ്ങൾ ചെയ്താലും അവരെ അങ്ങയുടെ കൈ നീട്ടി അങ്ങ് ഉയർത്തി രക്ഷിക്കുന്നതിനെയോർത്തു സ്തുതിക്കുന്നു.അവർ അർപ്പിക്കുന്ന ദിവ്യബലിയുടെ യോഗ്യതയാൽ പാപികളുടെ മാനസാന്തരവും , ആത്മാക്കളുടെ രക്ഷയും ഉണ്ടാകാൻ അങ്ങ് ഇടയാക്കുന്നതിനെയോർത്തു സ്തുതിയും സ്തോത്രവും അർപ്പിക്കുന്നു.

ദൈവമേ അങ്ങയുടെ കരുണയുടെ വക്താക്കളാകുവാൻ ഞങ്ങളെ സഹായിക്കണമേ. ദൈവകരുണ ഞങ്ങളിലേക്ക് കടന്ന് വരാൻ തടസമായി നിൽക്കുന്ന പാപത്തെയും പാപ സാഹചര്യങ്ങളെയും തുടച്ചു മാറ്റണമേ.ലോകത്തിന്റെ പ്രലോഭനങ്ങളിൽ അടിപ്പെട്ട് പോകുന്ന യുവത്വത്തെ അങ്ങേ കരുണാ സാഗരത്തിൽ മുക്കിയെടുക്കണമേ. അവരുടെ ജീവിതത്തിലെ തടസ്സങ്ങളെ അങ്ങ് എടുത്തു മാറ്റണമേ..അനുഗ്രഹിക്കണമേ. ആമ്മേൻ.

The Divine Mercy
The Divine Mercy

കരുണയ്ക്കുവേണ്ടി  പ്രാർത്ഥന
കർത്താവായ ദൈവമേ ഞങ്ങളെ രക്ഷിക്കണമേ.അങ്ങേ മക്കളോട്‌ കരുണ കാണിക്കണമേ .ഞങ്ങളും ഞങ്ങളുടെ ജീവിത പങ്കാളിയും മക്കളും സഹോദരങ്ങളും മാതാപിതാക്കളും പൂർവികരും വഴി വന്നുപോയ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ. ഞങ്ങളെ ശിക്ഷിക്കരുതേ.ഞങ്ങളുടെ കടങ്ങൾ ഇളച്ച്‌ തരേണമേ.ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ച് അങ്ങേ അരൂപിയിലൂടെ നയിക്കണമേ..

ബിനുമോൻ ജോർജ്‌, ചേന്നപ്പിള്ളിൽ

Leave a Reply

Your email address will not be published. Required fields are marked *