മൺപാത്രത്തിലെ നിധി

Treasure in Clay Pot
Treasure in clay pot

ഒരു കുശവൻ തന്റ്റെ  മൂശയിൽ കളിമണ്ണ് കൊണ്ട് മെനഞ്ഞുണ്ടാക്കുന്ന പാത്രങ്ങളും കലങ്ങളും കുടങ്ങളും ധാരാളമായി ഉപയോഗിക്കപ്പെട്ടിരുന്ന ഒരു പുരാതന കാലമുണ്ടായിരുന്നല്ലോ. ഇന്നാകട്ടെ മൺപാത്രങ്ങൾ കാണാൻ തന്നെ കിട്ടാത്ത കാലമായിരിക്കുന്നു. മൺപാത്രങ്ങൾ വേഗം പൊട്ടി പോകാനുള്ള സാധ്യതയുള്ളതുകൊണ്ട് അതിനു പകരമായി ചെമ്പ്,സ്റ്റീൽ,അലുമിനിയം,പാത്രങ്ങളും മറ്റും കൂടുതൽ പ്രചാരമാവുകയായിരുന്നു. പണ്ടൊക്കെ കുടിവെള്ളം സൂക്ഷിച്ചിരുന്നത് മൺ കുടങ്ങളിൽ ആയിരുന്നെങ്കിൽ ഇപ്പോൾ അത് എത്ര തവണ നിലത്തു വീണാലും പൊട്ടാത്ത ഫൈബർ ബോട്ടിലുകളിലും ക്യാനുകളിലുമായി മാറിയിരിക്കുന്നു.ഇതെല്ലം മനുഷ്യന്റ്റെ വളർച്ചയുടെയും പുരോഗമനത്തിന്റെയും ഫലങ്ങളാണെന്നതിൽ സംശയമില്ല.

എന്നാൽ ദൈവം എന്ന കുശവൻ മണ്ണ് കൊണ്ട് മെനഞ്ഞുണ്ടാക്കി അതിലേയ്ക്ക് ജീവശ്വാസം  പകർന്ന് നൽകി മനുഷ്യനായി മാറ്റിയ മണ്പാത്രങ്ങൾ ഇന്നും അതേ അവസ്ഥയിൽ തന്നെയാണ്. ആരോഗ്യരംഗത്തുണ്ടായ വളർച്ചയുടെ ഫലമായി ചില ശരീര ഭാഗങ്ങൾ പ്ലാസ്റ്റിക് സർജറി ചെയ്തു ക്രമപ്പെടുത്താൻ വരെ മാത്രമേ നമുക്ക് കഴിഞ്ഞിട്ടുള്ളൂ.”മണ്ണിൽ നിന്നും വന്നു. മണ്ണിലേക്ക് തന്നെ മടങ്ങുന്നു.” ക്രത്രിമ ബുദ്ധിയും, ക്ളോണിങ്ങും പോലുള്ള പല ആധുനിക പരീക്ഷണങ്ങളും അഭംഗുരം തുടരുമ്പോഴും ജനിച്ചു വീഴുന്ന മനുഷ്യന് മരിച്ചു മണ്ണോടു ചേരാതെ നിവൃത്തിയില്ല.

പണ്ടൊക്കെ വീടുകളിൽ  ‘കുടുക്ക’  എന്നൊരു സാധനം ഉണ്ടായിരുന്നു. മണ്ണുകൊണ്ടുണ്ടാക്കിയ ഒരു ഉരുണ്ട പാത്രം. അതിന്റെ മുകൾ ഭാഗത്തായി നാണയം ഇടാൻ പാകത്തിന് മാത്രം ഒരു ദ്വാരമുണ്ടാകും. അതിലേക്കു ഇടുന്ന നാണയങ്ങൾ തിരിച്ചെടുക്കുക എളുപ്പമല്ല. കുടുക്ക നിറയുമ്പോൾ അത് പൊട്ടിച്ചാണ് അതിലെ നാണയങ്ങൾ മുഴുവൻ തിരിച്ചെടുക്കുക. വളരെ അത്യാവശ്യ സമയങ്ങളിൽ മാത്രം എടുക്കാൻ വേണ്ടിയുള്ള സമ്പാദ്യനിധി ആയിരുന്നു അത്.അതുപോലെതന്നെ കുടിയേറ്റ കാലത്തു പറമ്പു കിളച്ചപ്പോൾ പലർക്കും മണ്ണിനടിയിൽ നിന്നും നിധി കുഭങ്ങൾ കിട്ടിയിട്ടുള്ളതായി കേട്ടിട്ടുണ്ട്.പുരാതന കാലത്തേ സ്വർണ്ണ നാണയങ്ങളും മറ്റും നിറച്ച മണ്കുടങ്ങൾ ആയിരുന്നു അവയിൽ പലതും.

ഇതൊക്കെ സൂചിപ്പിച്ചത് മണ്പാത്രങ്ങളിലാണ് നിധി ലഭിച്ചിരുന്നത് എന്ന് സമർഥിക്കാൻ വേണ്ടി മാത്രമല്ല. നിങ്ങളുടെ ചിന്തയെ വി.പൗലോസ് ശ്ലീഹ കോറിന്തോസുകാർക്കെഴുതിയ രണ്ടാം ലേഖനത്തിൽ പ്രതിപാദിക്കുന്ന ‘മണ്പാത്രങ്ങളിലെ നിധി’യിലേക്ക് എത്തിക്കുന്നതിന് വേണ്ടികൂടിയാണ്. അതാകട്ടെ  ദൈവ കൃപ എന്ന അമൂല്യ നിധിയെകുറിച്ചുള്ളതാണ്.

എന്നാൽ പരമമായ ശക്തി ദൈവത്തിന്റേതാണ് ഞങ്ങളുടേതല്ല എന്ന് വെളിപ്പെടുത്തുന്നതിന് ഈ നിധി മണ്പാത്രങ്ങളിലാണ് ഞങ്ങൾക്ക് ലഭിച്ചിട്ടുള്ളത്. ( 2 കോറി – 4:7 )

മൺപാത്രം എപ്പോൾ വേണമെങ്കിലും കൈ വിട്ടു പോയാൽ പൊട്ടാവുന്നതാണ്.മൺപാത്രങ്ങളിലുള്ള നിധി പാത്രം പൊട്ടിക്കഴിയുമ്പോൾ ലഭിയ്ക്കുന്നു. കുടുക്കയാണെങ്കിലും പറമ്പിൽ നിന്ന് കിട്ടിയ നിധി കുംഭമാണെങ്കിലും അത് പൊട്ടിക്കുമ്പോൾ അതിലുള്ള സമ്പാദ്യം അല്ലെങ്കിൽ നിധി കൈവരിയ്ക്കാൻ സാധിക്കുന്നു. വി.പൗലോസ് ശ്ലീഹ പറയുന്നു – ദൈവകൃപയാകുന്ന നിധി മണ്പാത്രങ്ങളിലാണ് ലഭിച്ചിട്ടുള്ളത് എന്ന്. അപ്പസ്തോലന്മാർക്ക് ലഭിച്ച ദൈവകൃപ കൊണ്ടാണ് അവർക്കു വിശുദ്ധ ലിഖിതങ്ങൾ എല്ലാം മനസിലാക്കാനുള്ള കഴിവ് ലഭിച്ചത്. വിശുദ്ധ ലിഖിതങ്ങൾ ഗ്രഹിക്കാൻ തക്കവിധം അവരുടെ മനസ്സ് അവൻ തുറന്നു.(ലൂക്ക 24 :46 ) അവരുടെ സ്വന്തം കഴിവല്ല. സർവശക്തനായ ദൈവത്തിന്റെ കൃപ ഒന്നുകൊണ്ടു മാത്രമാണ് വെറും സാധാരണക്കാരും മുക്കുവരുമായിരുന്ന ശ്ലീഹന്മാർക്കു ലോകം മുഴുവനും സുവിശേഷം പ്രസംഗിക്കാനും ഒടുവിൽ രക്തസാക്ഷികളാകാനും കഴിഞ്ഞത്.

വെറും മണ്ണ് മാത്രമായ നമ്മുടെ ശരീരത്തെ. ദൈവകൃപ സ്വീകരിക്കാൻ തക്കവണ്ണം ഒരുക്കേണ്ടത് നമ്മുടെ കടമയാണ്.മലിനമായ മൺപാത്രത്തെ യേശുനാഥന്റെ കാൽച്ചുവട്ടിൽ കാഴ്ചയായി സമർപ്പിക്കുമ്പോൾ അവിടുന്ന് കൃപാതീർത്ഥം കൊണ്ട് അതിനെ നിറയ്ക്കുന്നു.

യാക്കോബിൻറെ  കിണറ്റിൻ കരയിൽ, കയ്യിൽ ഒരു മൺകുടവുമേന്തി എത്തുന്ന ദുർനടപ്പുകാരിയായ ഒരു സമരയക്കാരി സ്ത്രീ , അവളുടെ ജീവിതത്തിലെ, മറ്റുള്ളവരിൽ നിന്നും മറച്ചു വെച്ച പല രഹസ്യ ബന്ധങ്ങളും കൃത്യമായി പറയുന്ന യേശുനാഥനെ കണ്ടുമുട്ടിയപ്പോൾ , അവൻ ദൈവ പുത്രനാണെന്ന് തിരിച്ചറിഞ്ഞപ്പോൾ,താൻ വെള്ളം കോരാനായി കൊണ്ടുവന്ന മൺകുടം കിണറ്റിന്കരയിൽ വെച്ചിട്ട്, സമരിയ മുഴുവനിലും ആ ദൈവപുത്രനെക്കുറിച്ചു പറഞ്ഞു നടക്കുന്നവളായി മാറിയത്,മലിനമായ അവളുടെ ജീവിതത്തിലേക്ക് ദൈവ കൃപയാകുന്ന ജീവ ജലം യേശു കോരി നൽകിയപ്പോഴാണല്ലോ.

നമ്മുടെ ജീവിതത്തെയും കഴുകുവാനും അവിടുത്തെ കൃപയാൽ നിറയ്ക്കുവാനും ഈ നോമ്പുകാലത്തെ പ്രാർത്ഥനകളും പരിത്യാഗങ്ങളും  സഹായകമാകട്ടെ.

ബിനുമോൻ ജോർജ്‌, ചേന്നപ്പിള്ളിൽ

2 thoughts on “മൺപാത്രത്തിലെ നിധി”

  1. വളരെ അഭിഷേകത്തോടെ എഴുതിയിരിക്കുന്നു. ജീസസ് സമർത്ഥമായി നിങ്ങളെ അനുഗ്രഹിക്കട്ടെ. ഗോഡ് ബ്ലെസ് യൂ

Leave a Reply

Your email address will not be published. Required fields are marked *