പോത്തട്ട കടിച്ച ഗർഭിണി

1970 കൾ. അന്ന് ഗർഭ നിരോധന മാർഗ്ഗങ്ങൾ  അപ്രസക്തമായിരുന്നു. പത്തും പത്രണ്ടും മക്കളെ പ്രസവിക്കുന്ന പാവം അമ്മച്ചിമാരുള്ള നസ്രാണി കുടുംബങ്ങൾ തൊടുപുഴയിൽ ഇഷ്ടം പോലെ ഉണ്ടായിരുന്ന കാലം..

തന്റെ ഏഴാമത്തെ കുഞ്ഞിനെ വയറ്റിൽ ഉള്ളപ്പോഴും യാതൊരു വിശ്രമവുമില്ലാതെ രാപകൽ അധ്വാനിച്ചു കുടുംബം പോറ്റിയിരുന്ന ഏലിക്കുട്ടി, വീടിനു തൊട്ട് താഴെയുള്ള അഞ്ച് പറ കണ്ടത്തിൽ അയൽപക്കത്തുള്ള കൂട്ടുകാരികളുമൊത്തു കിള പറിക്കുകയാണ്.നിറവയറുള്ള ഏലിക്കുട്ടിക്ക് എന്നാണ് പ്രസവം ആകുന്നതു എന്ന് പോലും കൃത്യമായി അറിയില്ല.താൻ കൂടി കിളപറിക്കാൻ  കൂടിയില്ലെങ്കിൽ  അത്രയും കൂലി കൂടുതൽ കൊടുക്കാൻ ഇല്ലാത്ത ദാരിദ്യ്രത്തിന്റെ ഏറ്റവും വലിയ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. കണ്ടം വിതയ്ക്കാൻ ഉള്ള വീട്ടിൽ കെട്ടിച്ചു വിടുന്നത് അന്നൊക്കെ വലിയ കാര്യമായതുകൊണ്ടു അപ്പൻ തന്നെ നേരിട്ടു അന്വേഷിച്ച ശേഷം ഉറപ്പിച്ചതായിരുന്നു തന്റെ കല്യാണം. പക്ഷെ കെട്ടിയോൻ കുടുംബ മഹിമ പറഞ്ഞു നടന്നു കള്ള് കുടിക്കുകയും പിന്നെ വീട്ടിൽ എത്തി ഉപദ്രവിക്കുന്നതുമല്ലാതെ യാതൊരു ഉത്തരവാദിത്തവും ഏൽക്കാതെയുള്ള നടപ്പായിരുന്നത്കൊണ്ട് എലിക്കുട്ടിയുടെ ഉത്തരവാദിത്തമായിരുന്നു ഇതുവരെ ഉണ്ടായ മക്കളെയെല്ലാം പട്ടിണിക്കിടാതെ വളർത്തുക എന്നുള്ളത്.ഇപ്പോൾ നിറവയറോടെ കണ്ടത്തിൽ കിള പറിക്കേണ്ടി വരുന്നതും അതിന്റെ ഭാഗം തന്നെ.

Paddy Rice field
നെൽവയൽ (കണ്ടം )

പണിക്കാരികളായി കൂടിയിരിക്കുന്ന മൂന്നു പേരും അയൽപക്കത്തുള്ള ഏകദേശം തുല്യ ദാരിദ്ര്യം ഉള്ളവരാ. അവർക്കു സ്വന്തമായി കണ്ടം ഇല്ല എന്ന് മാത്രമേ ഉള്ളൂ. വീടും മറ്റു സാഹചര്യങ്ങളും എല്ലാം കണക്കാ. അവർ എല്ലാവരും സങ്കടം എല്ലാം മറന്നു വാ തോരാതെ സംസാരിച്ചു കൊണ്ടാണ് കിള പറിക്കുന്നത്. അപ്പോൾ ഏലിക്കുട്ടി തന്റെ കാലിൽ എന്തോ കടിച്ചതായി തോന്നിയിട്ട് കാൽ ചെളിയിൽ നിന്നും ഉയർത്തി നോക്കി. കണ്ടത്തിൽ നിറയെ പോത്തട്ട ഉള്ളത് കൊണ്ട്‌ അത്തരം ആക്രമണം പ്രതീക്ഷിച്ചാണ് അവർ എല്ലാവരും കഷ്ടപ്പെടുന്നത്. തൊട്ടടുത്ത് നിന്ന അന്നക്കുട്ടി ചോദിച്ചു. “എന്നതാടി പോത്തട്ട കടിച്ചോ? ” “ഉം ..” എന്ന് മൂളിക്കൊണ്ട് ഏലിക്കുട്ടി പോത്തട്ടയെ പറിച്ചു കളഞ്ഞു. “ചോര നിൽക്കുന്നില്ലല്ലോടി.” എന്ന് വിഷമത്തോടെ പറയുന്നത് കേട്ട് വ്രശീത്ത പതിയെ തല പൊക്കി നോക്കി. ” നീ കയറി പൊക്കോ പെണ്ണെ…ഒന്നാമത് മാസം തികയാറായതല്ലേ. ചോര നില്കാതെ വന്നാൽ പ്രശ്നമാകും “. മനസില്ലാമനസോടെ ഏലിക്കുട്ടി കണ്ടതിൽ നിന്നും കയറി, കയ്യാണിയിൽ നിന്നും കാലും കഴുകിയ ശേഷം ഒറ്റത്തടി പാലത്തിൽ കൂടി കയറി ഓല മേഞ്ഞ തന്റെ വീട്ടിലേക്ക് കയറി പോയി.

വീട്ടിൽ എത്തിയ ഉടനെ എന്തോ ഒരു പന്തികേട് തോന്നിയത്കൊണ്ട് “ആശുപത്രിയിൽ പോകണം. കടയിൽ പോയി അപ്പച്ചനെ വിളിച്ചോണ്ട് വാ ..” എന്ന് മൂത്ത മകളോട് പറഞ്ഞു.  രാവിലെ പോയാൽ സന്ധ്യ ആകുന്നവരെ ചീട്ടു കളിയും കള്ള് കുടിയും ഒക്കെയായി നടക്കുന്ന അപ്പച്ചനെ (പാപ്പച്ചൻ) കട വരാന്തയിൽ പോയി വിളിച്ചോണ്ട് വരാൻ ആണ് ഏലിക്കുട്ടി മകളോട് പറഞ്ഞത്. ഭാഗ്യത്തിന് അന്ന് കൊടുവേലിയിൽ കൊവേന്ത പള്ളിയുടെ വക ആശുപത്രി നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നു. തൊട്ടു മുൻപുള്ള രണ്ട് പ്രസവവും അവിടെയായിരുന്നു. ആന്റണീറ്റോ സിസ്റ്റർ ആയിരുന്നു ആശുപത്രിയിൽ പ്രസവം എടുത്തിരുന്നത്.

എന്തായാലും കടയിൽ നിന്നും വിവരം അറിഞ്ഞു  പാപ്പച്ചൻ പോരുന്ന വഴിക്കു വെട്ടറാംകുന്നേൽ മുത്തിയെക്കൂടി കൂട്ടിയിരുന്നു. അക്കാലത്തെ പ്രശസ്ത വയറ്റാട്ടി ആയിരുന്നു മുത്തി. വീട്ടിൽ എത്തിയ ഉടനെ മുത്തി   ഏലികുട്ടിയോടു വിവരങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു. ലക്ഷണങ്ങൾ കണ്ടപ്പോൾ എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിക്കാനും പറഞ്ഞു.

അന്ന് സെപ്റ്റംബർ ഏഴു ആയിരുന്നു. നാഗപ്പുഴ പള്ളിയിൽ പെരുന്നാളിന്റെ വെടിയൊച്ച കേൾക്കുന്നുണ്ടായിരുന്നു. ആശുപത്രിയിൽ എത്തിയ ഉടൻ തന്നെ ഏലിക്കുട്ടി തന്റെ ഏഴാമത്തെ സുഖപ്രസവം നടത്തി.

കഥാവശേഷന്റെ ജനനം  അങ്ങനെയായിരുന്നു.

– ——————————–

  • ബിനുമോൻ ജോർജ്‌, ചേന്നപ്പിള്ളിൽ

Leave a Reply

Your email address will not be published. Required fields are marked *