പൂച്ച ബനിയൻ

Childhood
Childhood Nostalgia

എന്റെ ചെറുപ്പകാലം ഒന്നും ഞാൻ മറന്നിട്ടില്ല.ഞാൻ ഇപ്പോൾ എവിടെയാണെന്ന് അറിയാമോ? എന്റെ വീടിന്റെ മുന്പിലുള്ള നെല്പാടത്തെക്ക് കയ്യാണി മെത്തി ചെളിയും വെള്ളവും കയറി കണ്ടത്തിന്റെ പകുതിയോളം മണൽ മൂടി കിടക്കുന്നതിൽ കളിക്കുവാ.നല്ല പഞ്ചാര മണൽ ! എന്റെ മനസ്സിൽ ഭയങ്കര സന്തോഷം ആണ് . എന്റെ പെങ്ങൾ ഇന്ന് ബോംബയിൽ നിന്നും വരും. ഇന്ന് ചേച്ചി വരുമ്പോൾ എന്തെങ്കിലും കൊണ്ടുവരും.അത് നാളെ സ്കൂളിൽ കൊണ്ടുപോകുമ്പോൾ ഉള്ള ആ സന്തോഷം.അതോർത്തപ്പോൾ അവൻ ആ മണൽ കൂനയിൽ വീണ്ടും ഉയർന്ന് ചാടി.എടുത്തു ചാടുമ്പോൾ ചെളിയിലും മണലിലും കാൽ പുതഞ്ഞ് പോയിട്ട് ഊരുമ്പോൾ ഒരു തുള പോലെ.കാണാൻ നല്ല രസം.ഞാൻ അപ്പോൾ നാലാം ക്ലാസിലാ പഠിക്കുന്നെ. ആയിലോരി എന്ന  മത്സ്യത്തെ കണ്ടിട്ടുണ്ടോ?കയ്യാണിയിലും തോട്ടിലും മാത്രം കാണുന്ന ഒരു  കൊച്ച്  മീൻ.കണ്ടാൽ ഒന്നുകൂടി നോക്കാൻ തോന്നും.പുള്ളിയും വരയും ഉള്ള ഒരു കുഞ്ഞു മത്സ്യം.ഞാൻ ഒരെണ്ണത്തിനെ പിടിക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു.കുറച്ചു കഴിഞ്ഞപ്പോൾ അമ്മ വിളിച്ചു പറയണ കേട്ടു.”കേറി വാടാ ..ചേച്ചി വന്നു”. ഒരു ഓട്ടമായിരുന്നു വീട്ടിലേക്ക് .കാൽ നന്നായി കഴുകാൻ പോലും ഓർത്തില്ല. “ഇതെന്താ കുട്ടാ..കാൽ കഴികിയിട്ടു വാടാ ..” ചേച്ചി പറഞ്ഞു. പെട്ടെന്ന് കിണറ്റിൽ നിന്നും ഒരു തൊട്ടി വെള്ളം കോരി കയ്യും കാലും കഴുകി തിരികെ എത്തി. അപ്പോൾ ചേച്ചി എന്റെ കയ്യ് നിറയെ മിട്ടായി വച്ച് തന്നു. ഞാൻ ഒരെണ്ണം പൊളിച്ചു വായിൽ ഇട്ടു.നല്ല ഓറഞ്ച് മിട്ടായി.നിങ്ങൾ ഓർക്കുന്നുണ്ടോ  പണ്ട്  പത്ത്  പൈസ കൊടുത്താൽ കിട്ടുമായിരുന്ന പാർലെ കമ്പനിയുടെ ഓറഞ്ച് മിട്ടായി.അതുകൂട്ടു ആയിരുന്നു ചേച്ചി തന്നത്. ഒന്ന് രണ്ടെണ്ണം കയ്യിൽ വെച്ചിട്ട് ബാക്കി സൂക്ഷിച്ചു വെച്ചു. നാളെ സ്കൂളിൽ പോകുമ്പോൾ തനിക്കു ഏറ്റവും ഇഷടപെട്ട കൂട്ടുകാർക്ക് കൊടുക്കണം. തിരിച്ച് ഇറയത്ത്‌ വന്നപ്പോൾ ഉണ്ട്  ചേച്ചി എന്റെ നേരെ ഒരു ബനിയനും നിക്കറും എടുത്ത് നീട്ടി.ഞാൻ അത് തിരിച്ചും മറിച്ചും നോക്കി . രണ്ടു പൂച്ച കുഞ്ഞുങ്ങൾ സ്നേഹത്തോടെ തല ചേർത്ത് ഇരിക്കുന്ന ഒരു പടം ആയിരുന്നു ബനിയന്റെ ഡിസൈൻ.ഞാൻ മനസ്സിൽ പറഞ്ഞു “പൂച്ച ബനിയൻ “.പിറ്റേന്ന്  ആ ബനിയനും നിക്കറും ഇട്ട്  സ്കൂളിലേക്ക് നടന്നു പോകുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം കൊണ്ട് മനസ്  തുള്ളി ചാടി. ഇന്റെർവൽ സമയത്ത്  സ്റ്റാഫ്‌  റൂമിൽ പകർത്തു ബുക്ക്‌  വെയ്ക്കാൻ ചെന്നപ്പോൾ ക്ലാസ്സ്‌  ടീച്ചർ തങ്കമ്മ ടീച്ചർ പറഞ്ഞു. “ഇത് നല്ല ഡ്രസ്സ്‌ ആണല്ലോ ..ആരാ വാങ്ങിയത്  എന്ന് ?” ഞാൻ ഒറ്റ  ശ്വാസത്തിൽ പറഞ്ഞു. “എന്റെ ചേച്ചി ബോംബയ്യിൽ നേഴ്സ് ആണ് .ലീവിൽ വന്നിട്ടുണ്ട്.ചേച്ചി കൊണ്ടുവന്നതാ “. ടീച്ചർ എന്നോട് ഒരു പ്രത്യേക വാൽസല്യം കരുതി വച്ചിരുന്നു. കാരണം പാവപ്പെട്ടതാണെങ്കിലും ഞാൻ നന്നായി പഠിക്കുമായിരുന്നു.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ അപ്പച്ചൻ സൊസൈറ്റിയിൽ നിന്നും ഒരു ഷർട്ട്‌  പീസ്  വാങ്ങി കൊണ്ടുവന്നതും ഞാൻ മറന്നിട്ടില്ല.കയർ പിരിച്ച പോലുള്ള ഒരു ഡിസൈൻ.എനിക്കും ഏഴാം ക്ലാസിൽ പഠിക്കുന്ന എന്റെ ചേട്ടനും വേണ്ടി ഒന്നിച്ചു മേടിച്ചതായിരുന്നു. അത്  ആന്റണി ചേട്ടന്റെ കടയിൽ കൊടുത്ത്  തയ്പ്പിച്ചു. “എന്റെ അപ്പച്ചൻ കള്ള് കുടിച്ചു മാത്രം നടക്കുന്ന ആളല്ല.ഇത് കണ്ടോ പുതിയ ഷർട്ട്‌ ” എന്ന് എന്റെ വീടിന്റെ തൊട്ടടുത്തുള്ള എന്റെ കൂട്ടുകാരൻ ജോമി യോട്  പറയുമ്പോൾ അല്പം അഹങ്കാരം എന്റെ മുഖത്ത് നിഴലിച്ചിരുന്നോ?സ്കൂളിൽ ഫസ്റ്റ് ആയി SSLC പാസ്‌ ആയി.പഠിച്ച് വലിയ ഒരു ജോലി ഒക്കെ വാങ്ങണം.അത് മാത്രം ആയിരുന്നു അക്കാലത്തെ ചിന്ത.കുഞ്ഞുകാലത്തെ ഓർമ്മകൾ എല്ലാവർക്കും പ്രിയപ്പെട്ടതയിരിക്കും. മൂന്നു വയസു മുതൽ ഉള്ള എല്ലാം ഓർമ്മ കാണും എന്നാണല്ലോ ഡോക്ടർമാർ പറയുന്നത്. ഇന്ന് മൂന്ന്  വയസുള്ള കുഞ്ഞുങ്ങൾ TV യുടെ മുൻപിൽ നിന്ന് മാറാൻ അമ്മമാർ വടി എടുക്കണം.
TV കാണാൻ വേണ്ടി, ഞായർ ആഴ്ച ദൂരദർശനിൽ വരുന്ന മലയാളം സിനിമ കാണാൻ വേണ്ടി രണ്ടു കിലോ മീറ്റെർ നടന്ന് അച്ചന്മാർ നടത്തുന്ന അന്ധ വിദ്യാലയത്തിന്റെ വരാന്തയിൽ ഇമ വെട്ടാതെ നോക്കി ഇരുന്നിരുന്നതും മറക്കാൻ പറ്റുന്നില്ല.”ഒരു മെയ് മാസ പുലരിയിൽ” എന്ന സിനിമയാണ്  അവിടെ അവസാനം പോയിരുന്ന്  കണ്ടത്. അതിൽ ചിത്ര പാടിയ പാട്ട് കേൾക്കുമ്പോൾ എന്റെ ഓർമകൾ വീണ്ടും ആ അന്ധ വിദ്യാലയത്തിന്റെ വരന്തയിലെത്തിക്കുന്നു

.പുലർകാലസുന്ധര സ്വപ്നത്തിൽ ഞാനൊരു പൂമ്പാറ്റയായന്ന്  മാറി ….


ബിനുമോൻ ജോർജ്‌, ചേന്നപ്പിള്ളിൽ


Leave a Reply

Your email address will not be published. Required fields are marked *