‘അമ്മ തന്ന ലവീത്ത’

LAVITA Prayer

ലവീത്ത പ്രാർത്ഥന എന്ന പേരിൽ കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ്  മഠത്തിക്കണ്ടത്തിൽ നിർദ്ദേശ്ശിച്ചതനുസരിച്ചു എല്ലാ ഇടവകകളിലും വിതരണം ചെയ്ത ഒരു കൊച്ചു പുസ്തകം എൻെറ വീട്ടിലും കിട്ടി.

പുസ്തകം കിട്ടിയ ഉടനെ അത് മറിച്ചുപോലും നോക്കാതെ ഞാൻ അത് എൻെറ 84 വയസ്സുള്ള  അമ്മയെ ഏല്പ്പിച്ചു . അതിനുള്ള പ്രധാന കാരണം അമ്മയ്ക്ക് ഏതു പ്രാർത്ഥന കിട്ടിയാലും അത് വായിക്കാൻ വലിയ ഇഷ്ടമാണ് .തിമിരം ശരിക്കും ബാധിച്ച കണ്ണുകളാണെങ്കിലും ഒരു പഴയ കണ്ണാടി വെച്ച് പ്രാർത്ഥന പുസ്തകങ്ങൾ വായിക്കുന്ന പതിവ് അമ്മയ്ക്ക് ഉണ്ട്. പിന്നെ ആ പുസ്തകം കൊടുക്കുമ്പോൾ എന്റെ മനസ്സിൽ തോന്നിയത് ഇതൊന്നും എനിക്ക് അത്ര പറ്റിയതല്ല,അമ്മയ്ക്കാണ് കൂടുതൽ ഇണങ്ങുക എന്ന ഒരു ലൗകിക ചിന്തയുമായിരുന്നു എന്നതാണ് വാസ്തവം.

അങ്ങനെ ഒരു പുസ്തകം കിട്ടിയതോ, അത് അമ്മയ്ക്ക്  കൈമാറിയതോ പോലും ഞാൻ മറന്നു പോയിരുന്നു. കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ ഒരു ദിവസം പതിവ് പോലെ ഞാൻ കമ്പ്യൂട്ടറിൽ എന്റെ ഓൺലൈൻ ജോലിയിൽ മുഴുകിയിരിക്കുമ്പോൾ ‘അമ്മ വന്ന് ആ ചെറിയ പുസ്തകം എന്റെ  നേർക്കു നീട്ടി “ലവീത്ത പ്രാര്ഥനയാ” എന്ന് പറഞ്ഞു. സത്യം പറഞ്ഞാൽ ആദ്യം എനിക്ക് മനസിലായി പോലുമില്ല. കയ്യിൽ വാങ്ങി നോക്കിയപ്പോഴാണ് ഓർമ്മ വന്നത്. “ഓ ..ഇത് ഒരു ദിവസം എന്റെ കയ്യിൽ കിട്ടിയപ്പോൾ വായിച്ചു നോക്കാതെ അമ്മയെ ഏൽപ്പിച്ച പുസ്തകമാണല്ലോ എന്ന്.” എന്തായാലും ഇത്തവണ ഞാൻ അത് മുഴുവൻ വായിച്ചു.

ചെറിയ പുസ്തകമാണെങ്കിലും അത് വളരെ നല്ലതായി എനിക്ക് തോന്നി.അതിൽ തന്നെ യാക്കോബ് ശ്ലീഹായോടുള്ള പ്രാർത്ഥനയിൽ ,സ്‌പെയിനിലെ യുദ്ധത്തിൽ അപ്പസ്തോലനോട് പ്രാത്ഥിച്ചപ്പോൾ ‘ വെള്ള കുതിരപ്പുറത്തു വെള്ളിടിതീ പോലെ ജ്വലിക്കുന്ന വാളുമേന്തി സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്ന് പട പൊരുതി ‘ എന്നത് എനിക്ക് പുതിയ ഒരു അറിവുമായിരുന്നു.

എന്തായാലും പല ദിവസങ്ങളിലായി രണ്ടുമൂന്ന് പ്രാവശ്യം ഞാൻ ലവീത്ത പ്രാർത്ഥന വായിച്ചു. അപ്പോഴാണ് അതിന്റെ തുടക്കത്തിൽ ഉള്ള പരിശുദ്ധാത്മാവിനോടുള്ള ജപം എന്നെ ആകർഷിച്ചത്. പിന്നെ അത് മാത്രമായി പലപ്പോഴും ചൊല്ലാൻ തുടങ്ങി , അല്ല നോക്കി വായിക്കുക ആയിരുന്നു. പല ദിവസങ്ങളിൽ പല പ്രാവശ്യം  വായിച്ചിട്ടും ആ  പ്രാർത്ഥന കാണാതെ പഠിച്ചില്ലല്ലോ എന്നോർത്തപ്പോൾ അത് മനഃപാഠമാക്കാൻ വേണ്ടി പിന്നെയും പിന്നെയും വായിക്കാൻ തുടങ്ങി. അങ്ങനെ ഞാൻ അത് കാണാതെ പഠിക്കുകയും ദിവസത്തിൽ പല തവണ ആ പ്രാർത്ഥന ചൊല്ലുന്നത് ഒരു ശീലവുമായി. ആ പ്രാർത്ഥനയിലെ ഓരോ വാക്കുകളിലും വരികളിലും എന്ത് മാത്രം അർത്ഥങ്ങൾ ഒളിഞ്ഞുകിടപ്പുണ്ടെന്നു പിന്നെ പിന്നെ എനിക്ക് പതിയെ വെളിപ്പെട്ടുതുടങ്ങി . അങ്ങനെയാണ് ഒരു ദിവസം അതിനെക്കുറിച്ചു എഴുതണമെന്നു എനിക്ക് തോന്നിയത്. ജപം താഴെ ചേർക്കുന്നു

പരിശുധാത്മാവിനോടുള്ള ജപം

പരിശുദ്ധത്മാവേ എഴുന്നള്ളി വരേണമേ. അങ്ങേ വെളിവിന്റെ കതിരുകൾ ആകാശത്തിന്റെ വഴിയേ അയച്ചരുളേണമേ.അഗതികളുടെ പിതാവേ, ദാനങ്ങൾ നൽകുന്നവനേ,ഹൃദയത്തിന്റെ പ്രകാശമേ എഴുന്നള്ളി വരണമേ.എത്രയും നല്ല ആശ്വസിപ്പിക്കുന്നവനേ,ആത്മാവിന് മധുരമുള്ള വിരുന്നേ,മധുരമായ തണുപ്പേ,അലച്ചിലിൽ സുഖമേ, ഉഷ്ണത്തിൽ തണുപ്പേ ,കരച്ചിലിൽ സ്വൈര്യമേ, എഴുന്നള്ളി വരണമേ. എത്രയും ആനന്ദത്തോടുകൂടിയിരിക്കുന്ന പ്രകാശമേ, അങ്ങേ വിശ്വാസികളുടെ ഹൃദയത്തിന്റെ ഉള്ളുകളെ അങ്ങ് നിറയ്ക്കണമേ .അങ്ങേ വെളിവ് കൂടാതെ മനുഷ്യരിൽ ദോഷമല്ലാതെ ഒന്നുമില്ല.അറപ്പുള്ളത് കഴുകണമേ.വാടിപ്പോയത് നനയ്ക്കണമേ .മുറിവേറ്റിരിക്കുന്നത് സുഖപ്പെടുത്തേണമേ. രോഗപ്പെട്ടത് പൊറുപ്പിക്കേണമേ.കടുപ്പമുള്ളത് മയപ്പെടുത്തേണമേ. ആറിപ്പോയത് ചൂട് പിടിപ്പിക്കേണമേ. വഴി തെറ്റി പോയത് നേരേയാക്കണമേ. അങ്ങിൽ ശരണപ്പെട്ടിരിക്കുന്ന വിശ്വാസികൾക്ക് അങ്ങേ ഏഴ് വിശുദ്ധ ദാനങ്ങൾ നൽകണമേ. ഭാഗ്യമരണവും പുണ്യയോഗ്യതയും നിത്യാനന്ദവും അവിടുന്ന് ഞങ്ങൾക്ക് കല്പിച്ചരുളേണമേ. ആമ്മേൻ .

പരിശുദ്ധത്മാവേ എഴുന്നള്ളി വരേണമേ.

കത്തോലിക്കരായ നമ്മുടെയെല്ലാം മിക്കവാറും  പ്രാർത്ഥന കൂട്ടായ്മകൾ തുടങ്ങുന്നത് “പരിശുദ്ധാത്മാവേ .. നീ എഴുന്നള്ളി വരണമേ എന്റെ ഹൃദയത്തിൽ…ദിവ്യദാനങ്ങൾ ചിന്തിയെന്നുള്ളിൽ .. ദൈവ സ്നേഹം നിറയ്ക്കണേ..” എന്ന ഗാനത്തോടെയാണല്ലോ. എന്റെ കുട്ടികാലത്തു് സൺ‌ഡേ സ്കൂൾ തുടങ്ങുന്നതും, മിഷൻലീഗിന്റെ പ്രാർത്ഥന തുടങ്ങിയിരുന്നതും ഒക്കെ ഈ ഗാനത്തോടെയായിരുന്നു ഇന്നും ഓർക്കുന്നു. അതുപോലെ മിക്കവാറും എല്ലാ കുടുംബങ്ങളിലും സന്ധ്യാ പ്രാർത്ഥന തുടങ്ങുന്നതിനോ കൊന്ത തുടങ്ങുന്നതിനു മുൻപോ പരിശുശുദ്ധാത്മാവിന്റെ ഈ ഗാനം ആലപിക്കാറുണ്ട്. എന്തിനാണ് നമ്മൾ പരിശുദ്ധാത്മാവിനെ ഇങ്ങനെ വിളിച്ചു വരുത്തുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? മാമ്മോദിസാ സ്വീകരിക്കുകയും സ്ഥ്യര്യലേപനത്താൽ  ഉറപ്പിക്കുകയും  ആദ്യകുർബാന സ്വീകരണത്തിലൂടെയും മറ്റും നമ്മൾ സ്വീകരിക്കുന്ന പരിശുദ്ധാത്മാവ് നമ്മിൽ നിന്നും പലപ്പോഴും അകന്നു പോകുന്നുണ്ടോ ? അങ്ങനയല്ല നമ്മൾ പാപം ചെയ്തു കൂട്ടി, പരിശുദ്ധാത്മാവിനെ അകറ്റി നിർത്തുകയാണ് പലപ്പോഴും. അപ്പോൾ നമ്മൾ കരഞ്ഞു വിളിക്കേണ്ടി  വരുന്നു, ആ പരിശുദ്ധാത്മാവ് നമ്മിലേക്ക്‌ തിരിച്ചുവന്നു നമ്മുടെ ഹൃദയത്തിൽ വാസമാക്കുവാൻ.

“അങ്ങേ വെളിവിന്റെ കതിരുകൾ ആകാശത്തിന്റെ വഴിയേ അയച്ചരുളേണമേ

വെളിവ് എന്നത് ജ്ഞാനം അഥവാ നന്മ തിന്മകളെ വിവേചിച്ചറിയാനുള്ള കഴിവ് ആണല്ലോ. അപ്പോൾ കതിരുകൾ? ധാന്യങ്ങളാണല്ലോ കതിരുകളായി വിളയുന്നത്. നെല്ല്,ഗോതമ്പ് തുടങ്ങിയ ധാന്യങ്ങൾ കതിരുകളായി രൂപം കൊള്ളുകയും വിളയുകയും ചെയ്യുന്നു.അതെ,ജ്ഞാനം നമ്മിൽ നിറയുന്നത് അല്ലെങ്കിൽ കതിരാകുന്നത് പരിശുദ്ധാത്മാവിലൂടെയാണ്. എന്തുകൊണ്ടായിരിക്കും ആകാശനത്തിന്റെ വഴിയേ അയച്ചരുളേണമേ എന്ന് പ്രാർത്ഥിക്കുന്നത്? സ്വർഗം എന്നത് ആകാശത്തിന്റെയും മുകളിൽ ആണെന്ന് നമ്മൾ വിശ്വസിക്കുന്നു.അതുകൊണ്ടാണ് സ്വർഗത്തിൽ നിന്നും വെളിവിന്റെ കതിരുകളെ നമ്മുടെ ഹൃദയമാകുന്ന നിലത്തു വിളയാനായി അയച്ചു തരണമേ എന്ന് യാചിക്കുന്നത് .കതിരുകൾക്കു രശ്മികൾ എന്നുകൂടി അർത്ഥമുണ്ടല്ലോ. അപ്പോൾ വെളിവ് എന്നത് പ്രകാശവും ആകുന്നു.പ്രകാശ രശ്മികൾ ആകാശത്തു നിന്നും ആണ് വരുന്നത്. “വെളിച്ചം തരേണമേ ..വെളിച്ചം തരേണമേ ..നിത്യമാം പ്രകാശമേ വെളിച്ചം തരേണമേ” എന്ന് വിശുദ്ധ കാർഡിനൽ ന്യൂമാൻ എഴുതിയത് എത്രയോ മഹത്തരമാണ്?

“അഗതികളുടെ പിതാവേ ,ദാനങ്ങൾ നൽകുന്നവനേ, ഹൃദയത്തിന്റെ പ്രകാശമേ എഴുന്നള്ളി വരേണമേ.”

അനാഥരും ആരോരുമില്ലാത്തവരെയുമാണ് അഗതികൾ എന്ന വാക്ക് കൊണ്ട് വിവക്ഷിക്കുന്നത്.അങ്ങനെയുള്ളവർക്ക് പിതാവായി ദൈവം ഉണ്ട് എന്ന്. അവരെ നോക്കി നടത്താനും പരിപാലിക്കാനുമായി സ്വർഗത്തിൽ വാഴുന്ന പിതാവുണ്ട് എന്ന്. ആ പിതാവായ ദൈവത്തോടാണ് നമ്മൾ പ്രാർത്ഥിക്കുന്നത്.വയലിലെ പുല്ലിനെയും ആകാശത്തിലെ പക്ഷികളെയും പരിപാലിക്കുന്ന, നമ്മുടെ ഓരോ തലമുടി നാരു പോലും എണ്ണി സൂക്ഷിക്കുന്ന, കണ്ണുനീരുകളെ കുപ്പിയിൽ സൂക്ഷിക്കുന്ന ഒരു പിതാവായ ദൈവം നമുക്കുണ്ട് എന്ന ആശ്വാസം, ആരോരുമില്ലാത്ത അഗതികൾക്കു താങ്ങും തണലുമായി മാറുന്നു.

ഹൃദയത്തിലെ അന്ധകാരത്തെ നീക്കി പ്രകാശമായി എത്തുന്ന പരിശുദ്ധാത്മാവ് നൽകുന്ന ഏഴു ദാനങ്ങളാണല്ലോ – ജ്ഞാനം, ബുദ്ധി, ആലോചന, അറിവ്, ആത്മശക്തി, ഭക്തി, ദൈവഭയം എന്നിവ.  ഈ ദാനങ്ങൾ  ധാരാളമായി വർഷിക്കപ്പെടുമ്പോൾ അഥവാ സമൃദ്ധമായി ചൊരിയപ്പെടുമ്പോൾ അവർ പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്നു. അവ എന്തൊക്കെയാണെന്ന് വി.പൗലോസ് ശ്ലീഹ ഗലാത്തിയക്കാർക്ക് എഴുതിയ ലേഖനത്തിൽ അക്കമിട്ടു നിരത്തുന്നു. ” എന്നാൽ ആത്മാവിന്റെ ഫലങ്ങൾ സ്നേഹം,ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവയാണ്.ഇവക്കെതിരായി ഒരു നിയമവുമില്ല.” (ഗലാത്തി 5:22-23 )

എത്രയും നല്ല ആശ്വസിപ്പിക്കുന്നവനേ ..

ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ്.വിണ്ടുണങ്ങിയ ഹൃദയത്തിലേക്ക് ആശ്വാസത്തിന്റെ മഴത്തുള്ളികളായി പെയ്തിറങ്ങുന്ന പരിശുദ്ധാത്മാവ് ആശ്വാസദായകനാണ്.കടുത്ത വേനലിൽ നെൽ വയലുകൾ   വിണ്ടുകീറിയിരിക്കുന്നത് നമ്മൾ കാണാറുണ്ട്..അതുപോലെ തന്നെയാണ് ജീവിതത്തിലെ ദുഖങ്ങളിലും കഷ്ടപ്പാടുകളിലും പെട്ട് ഉഴലുന്ന മനുഷ്യമനസ്സുകളും. അവർക്കു ആശ്വാസമായി എത്തുന്ന സുഹൃത്തുക്കളിലൂടെയും യാതൊരു പരിചയമില്ലാത്തവരുടെ അപ്രതീക്ഷിതമായ സ്നേഹാന്വേഷണത്തിലൂടെയൊക്കെ മഴയായി പെയ്തിറങ്ങുന്നത് ആശ്വാസദായകനായ പരിശുദ്ധാത്മാവ് തന്നെയാണ്.ദൈവം പലപ്പോഴും നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കുന്നത് സഹജീവികളിൽ കൂടി തന്നെയാണ്.കരഞ്ഞു തളർന്നിരിക്കുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കുന്ന അമ്മയെപ്പോലെ പരിശുദ്ധാത്മാവ് നമ്മെയും ആശ്വസിപ്പിക്കുന്ന വഴികൾ പലപ്പോഴും നമുക്ക് അജ്ഞാതമായിരിക്കുമെന്ന് മാത്രം.

ആത്മാവിന് മധുരമുള്ള വിരുന്നേ..

നമുക്ക് വളരെ ഇഷ്ട്ടപ്പെട്ടവർ വീട്ടിൽ വിരുന്ന് വരുന്നത് വളരേ സന്തോഷപ്രദമാണ്.അവർ വരുന്നുണ്ട് എന്ന് കേൾക്കുമ്പോൾ മുതൽ അവരെ സ്വീകരിക്കാനും വിഭവങ്ങൾ ഒരുക്കാനും അമ്മമാർ കാണിക്കുന്ന തിരക്കും ഉത്സാഹവും നമ്മൾ കണ്ടിട്ടുമുണ്ട്.അതുപോലെ തന്നെയാണ് നമ്മുടെ ആത്മാവിന് വിരുന്നായി എത്തുന്ന പരിശുദ്ധാത്മാവ്.അത് മധുരതരമായ മുഹൂർത്തം തന്നെയാണ്.

മധുരമായ തണുപ്പേ…അലച്ചിലിൽ സുഖമേ…ഉഷ്ണത്തിൽ തണുപ്പേ…കരച്ചിലിൽ സ്വൈര്യമേ ..എഴുന്നള്ളി വരേണമേ..

എത്രയും ആനന്ദത്തോട് കൂടിയിരിക്കുന്ന പ്രകാശമേ അങ്ങേ വിശ്വാസികളുടെ ഹൃദയത്തിന്റെ ഉള്ളുകളെ അങ്ങ് നിറയ്ക്കണമേ..

അങ്ങേ വെളിവ് കൂടാതെ മനുഷ്യരിൽ ദോഷമല്ലാതെ ഒന്നുമില്ല …

 പരിശുദ്ധാത്മാവിന്റെ സഹവാസം ഇല്ലാത്ത മനുഷ്യർ തിന്മയ്ക്കു അടിമയായിരിക്കും.അവർ വെളിവില്ലാതെ ചെയ്യുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് മുൻകൂട്ടി പറയാനുമാവില്ല.മനുഷ്യന്റെ തിന്മയെക്കുറിച്ചു വി.പൗലോസ് ശ്ലീഹ റോമാക്കാർക്കു എഴുതിയ ലേഖനത്തിൽ വിശദമായി പ്രതിപാദിക്കുന്നു.

” ദൈവത്തെ അംഗീകരിക്കുന്നത്  പോരായ്മയായി അവർ കരുതിയത് നിമിത്തം അധമവിചാരത്തിനും അനുചിതപ്രവർത്തികൾക്കും ദൈവം അവരെ വിട്ടു കൊടുത്തു.അവർ എല്ലാത്തരത്തിലുമുള്ള അനീതിയും ദുഷ്ടതയും അത്യാഗ്രഹവും തിന്മയും നിറഞ്ഞവരാണ്. അസൂയ,കൊലപാതകം,ഏഷണി,കലഹം,വഞ്ചന, പരദ്രോഹം എന്നിവയിൽ അവർ മുഴുകുന്നു.അവർ പരദൂഷകരും, ദൈവനിന്ദകരും, ധിക്കാരികളും, ഗർവിഷ്ഠരും, പൊങ്ങച്ചക്കാരും, തിന്മകൾ ആസൂത്രണം ചെയ്യുന്നവരും ,മാതാപിതാക്കളെ അനുസരിക്കാത്തവരും, ബുദ്ധിഹീനരും, അവിശ്വസ്ഥരും, ഹൃദയശൂന്യരും, കരുണയില്ലാത്തവരും ആയിത്തീർന്നു. റോമാ 1:28-31 )

ദൈവമേ അങ്ങേ വെളിവ് കൂടാതെയുള്ള അവസ്ഥകളിൽ ഞങ്ങൾ മൃഗങ്ങളെക്കാൾ മോശമായ അവസ്ഥയിലേക്ക് അധപധിക്കുന്നു. എങ്കിലും പാപികളോടുള്ള  കരുണാർദ്രമായ സ്നേഹത്താൽ  അവിടുന്ന് ഞങ്ങളെ വീണ്ടെടുടുക്കുകയും,അങ്ങയുടെ തിരുക്കുമാരൻ കാൽവരിയിൽ ചിന്തിയ രക്തത്തിന്റെ യോഗ്യതയാൽ ഞങ്ങളോട് ക്ഷമിക്കിക്കുകയും ചെയ്തുകൊണ്ട് അങ്ങേ പരിശുദ്ധാത്മാവിനെ നല്കുന്നതിനെയോർത്തു അങ്ങേയ്ക്കു ഞങ്ങൾ നന്ദിയും സ്തോത്രവും അർപ്പിക്കുന്നു.

അറപ്പുള്ളത് കഴുകണമേ...

കൊൽക്കത്തയിലെ തെരുവോരങ്ങളിൽ എല്ലാവരാലും തിരസ്ക്കരിക്കപ്പെട്ടു കഴിഞ്ഞിരുന്ന കുഷ്ഠരോഗികളെ വാരിയെടുക്കുകയും അവരുടെ അറപ്പ് തോന്നിക്കുന്ന ശരീരഭാഗങ്ങൾ കഴുകി തുടച്ചു് മരുന്ന് വെച്ച് കെട്ടി ശുശ്രൂഷിച്ചിരുന്ന ആ പാവങ്ങളുടെ ‘അമ്മ, മദർ തെരേസ, വിശുദ്ധയായിരുന്നു എന്ന് ലോകം വാഴ്ത്തിയത് – അറപ്പുള്ളതു കഴുകുന്ന പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളുടെ ഏറ്റവും വലിയ ദ്രഷ്ടാന്തമായി നമ്മുടെ മുന്നിൽ തന്നെയുണ്ടല്ലോ.

വാടിപ്പോയത് നനയ്ക്കണമേ…

പ്രകൃതിയിലുള്ള സസ്യലതാദികൾ കഠിനമായ വേനലിൽ വാടുകയും ഉണങ്ങുകയും ചെയ്യുന്നു.അവയെ നനയ്ക്കാനും പരിപാലിക്കാനും ദൈവം കരുതലോടെ മഴ പെയ്യിക്കുകയും ഭൂമിയിൽ ഉറവയും ജലസമൃദ്ധിയും നൽകുകയും ചെയ്യുന്നു.

പാറപ്പുറത്തു വീണ വിത്ത് മുളച്ചു പൊങ്ങിയെങ്കിലും വാടിപോകുന്നതായി യേശുനാഥൻ ഉപമയുടെ ഓർമ്മിപ്പിക്കുന്നുണ്ട്.ആവശ്യത്തിന് വെള്ളം ലഭിക്കാതെ വരുമ്പോഴാണല്ലോ വാടിപ്പോകുന്നത്. മനുഷ്യരായ നമ്മളും ജീവിതത്തിന്റെ പല ദുർഘട നിമിഷങ്ങളിലും തളരുകയും വാടി  പോകുകയും ചെയ്യാറുണ്ട്. അവിടെയാണ് വചനമാകുന്ന ജീവന്റെ ജലം നമുക്ക് പുത്തൻ ഉണർവ് നൽകുന്നത്.

മുറിവേറ്റിരിക്കുന്നതു സുഖപ്പെടുത്തേണമേ..രോഗപ്പെട്ടതു പൊറുപ്പിക്കേണമേ…

മുറിവുകൾ ശരീരത്തിലും,മനസിലും,ആത്മാവിലും ഉണ്ടാകാം. ശരീരത്തിൽ മുറിവുണ്ടായാൽ നമ്മൾ എത്രയും പെട്ടെന്ന് ആശുപത്രയിൽ എത്തി ചികിസ തേടുന്നു. മനസിനുണ്ടാകുന്ന മുറിവുകൾ ഉണക്കാൻ കൗൺസിലിംഗ്,മനോരോഗ വിദഗ്‌ധനെയും സമീപിക്കുന്നു.അതുപോലെ പാപം മൂലം ആത്മാവിന് ഏൽക്കുന്ന മുറിവ് ഉണക്കാൻ നല്ല കുമ്പസാരവും നടത്തുന്നു. ഇവിടെയെല്ലാം ആത്യന്തികമായി പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നുണ്ട്. ‘ രോഗികൾക്കാണ് വൈദ്യനെകൊണ്ട് ആവശ്യം ‘  എന്നാണ് യേശുനാഥൻ പഠിപ്പിച്ചത്.രോഗങ്ങൾക്ക് തീർച്ചയായും ചികിത്സ ആവശ്യമാണ്. എന്നാൽ എല്ലാ ഡോക്ടർമാരും കയ്യൊഴിഞ്ഞ പല കേസുകളിലും ധ്യാനത്തിലോ രോഗശാന്തി ശുശ്രൂഷകളിലൂടെയോ പ്രത്യേക ദൈവിക ഇടപെടൽ ഉണ്ടാകുന്നതും പരിപൂർണ്ണ വിടുതൽ സംഭവിക്കുന്നതായുമുള്ള എത്രയോ സാക്ഷ്യങ്ങൾ നമുക്ക് മുന്പിലുണ്ട്.

ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട് അവിടുത്തെ കരുണയും കൃപയും തേടുന്നവരെ ദൈവം തൊട്ട് സുഖപ്പെടുത്തുന്നു.ശരീരത്തിന്റെയും മനസിന്റെയും ആത്മാവിന്റെയും മുറിവുണക്കാൻ ശക്തിയുള്ള ഏറ്റവും വലിയ ഭിഷഗ്വരനായ പരിശുദ്ധാത്മാവിനോട് നമുക്ക് പ്രാർത്ഥിക്കാം.

കടുപ്പമുള്ളതു മയപ്പെടുത്തണമേ..

നമ്മൾ പലപ്പോഴും പറയുകയും കേൾക്കുകയും ചെയ്യുന്ന ഒന്നാണ് – അവന്റെ അല്ലെങ്കിൽ അവളുടെ മനസ് കല്ല് പോലെയാണെന്ന്. ചിലരുടെയെങ്കിലും ഹൃദയകാഠിന്യത്തെയാണ്  നമ്മൾ അങ്ങനെ പരാമർശിക്കുന്നത്.

യാതൊരു കരുണയുമില്ലാതെ ക്രൂരമായി പെരുമാറുന്ന മനുഷ്യരുടെ മനസ്സ് മരവിച്ച അവസ്ഥയിലാണ്.അവയെ മൃദുവാക്കാനും അലിയിപ്പിക്കാനും ദൈവത്തിന്റെ ആത്മാവിന് സാധിക്കും. മറ്റുള്ളവരുടെ പ്രാര്ഥനയിലൂടെയാണ് അത് സാധ്യമാകുന്നത്. മനസിന്റെ കടുപ്പം കുറയ്ക്കുന്നതിനായി നിരന്തരം പ്രാർത്ഥിച്ചാൽ ദൈവിക ഇടപെടൽ ഉണ്ടാവുകയും അത്തരം വ്യക്തികളിൽ മാറ്റം സംഭവിക്കുകയും ചെയ്യും.നിരീശ്വരവാദികളെയും പൈശാചിക ശക്തികളുടെ ബന്ധനങ്ങളിൽ കഴിയുന്നവരെയും മോചിപ്പിക്കാൻ മറ്റുള്ളവരുടെ പ്രാർത്ഥനക്കു മാത്രമേ കഴിയൂ.പ്രാര്ഥനകൾകൊണ്ട് ആത്മാക്കളെ നേടിയ വി.കൊച്ചുത്രേസ്യയുടെയും മറ്റു വിശുദ്ധരുടെയും മാതൃക നമുക്കും പ്രചോദനമാകട്ടെ.

ആറിപ്പോയത് ചൂട് പിടിപ്പിക്കണമേ ..

ഒരു കാര്യത്തിലും ഒരു ഉത്സാഹവുമില്ലാത്ത തണുപ്പൻ പ്രകൃതിയായ പലരെയും നമ്മൾ കണ്ടുമുട്ടാറുണ്ട്.ചിലർ ജന്മനാ അത്തരം സ്വഭാവമുള്ളവരായിരിക്കാം.മറ്റു ചിലർ വളരെ ചുറുചുറുക്കോടെ കഴിഞ്ഞവരും ചില പ്രത്യേക ജീവിത പ്രശ്നങ്ങളിൽപെട്ട് നിരാശരായി മന്ദഗതിക്കാരായി മാറിയവരുമാകാം.ഇന്നത്തെ മത്സരാധിഷ്ടിത ലോകത്തിൽ വിജയിക്കണമെങ്കിൽ,തങ്ങളുടെ പ്രവർത്തി മേഖലകളിൽ കഴിവ് തെളിയിക്കണമെങ്കിൽ ഒരു ചൂട് അല്ലെങ്കിൽ ന്യൂ ജൻ ഭാഷയിൽ പറഞ്ഞാൽ ‘ഫയർ ‘ ആവശ്യമാണ്. നമ്മുടെ അനുദിന ജോലികളിൽ ഊർജവും ഉന്മേഷവും ലഭിക്കാൻ പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന  സഹായകമാകുന്നു.

വഴിതെറ്റി പോയത് നേരേയാക്കണമേ..

നന്മയുടെ നേർവഴിയിൽ നിന്നും പതിയെ പതിയെ വഴി തെറ്റി പോയി വലിയ തിന്മയുടെ ചെളിക്കുഴിയിലേക്ക്  കൂപ്പ് കുത്തിപ്പോയ വളരെയധികം ആളുകളുണ്ട്. രക്ഷപ്പെടണമെന്ന് മനസ്സിൽ ആഗ്രഹം ഉണ്ടെങ്കിലും കഴിയാതെ വരുന്ന നിസ്സഹായരായ മനുഷ്യര്. മദ്യത്തിനും,പുകവലിക്കും,ലൈംഗിക അശുദ്ധിക്കും,മയക്കുമരുന്നിനും വരെ അടിമയായി പോകുന്നവർ.അങ്ങനെയുള്ളവർ രക്ഷ പെടണമെങ്കിൽ ദൈവിക ഇടപെടൽ ആവശ്യമാണ്. അവരുടെ ഉറ്റവരുടെയും ഉടയവരുടെയും പ്രാർത്ഥനയാണ് വഴി തെറ്റി പോയ അവരെ തിരിച്ചു കൊണ്ട് വരാൻ ഇടയാക്കുന്നത്.  കേവലം വ്യക്തികൾക്കു വേണ്ടി മാത്രമല്ല വഴിതെറ്റി പോയ സമൂഹത്തിനും രാജ്യങ്ങൾക്കു വേണ്ടിയും നമുക്ക് പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാം.

അങ്ങിൽ ശരണപ്പെട്ടിരിക്കുന്ന വിശ്വാസികൾക്ക് അങ്ങേ ഏഴ് വിശുദ്ധ ദാനങ്ങൾ നൽകണമേ..ഭാഗ്യമരണവും പുണ്യയോഗ്യതയും, നിത്യാനന്ദവും, അവിടുന്ന് ഞങ്ങൾക്ക് കല്പിച്ചരുളേണമേ..ആമ്മേൻ.

ബിനുമോൻ ജോർജ്‌, ചേന്നപ്പിള്ളിൽ

4 thoughts on “‘അമ്മ തന്ന ലവീത്ത’”

  1. Thank God for publishing my article in Shalom Times Magazine’s March Volume as ‘അമ്മ തന്ന ലവീത്ത ‘

  2. ലവീത്ത എന്ന ഇറ്റാലിയൻ വാക്കിന്റെ അർത്ഥം – ജീവൻ (The Life) എന്നാണ്. ലവീത്ത തിരുസഭയിൽ അല്മായുരുടെ നേതൃത്വത്തിലുള്ള ശുശ്രുഷ ആണ്‌

Leave a Reply

Your email address will not be published. Required fields are marked *